Friday, March 13, 2009

സിസ്റ്റമിക് ലൂപസ് എരിതെമറ്റൊസിസ്


സിസ്റ്റമിക് ലൂപസ് എരിതെമറ്റൊസിസ്-
ഇതു വേദനയുടെ മറ്റൊരു പേരത്രേ;
സ്വയം പ്രതിരോധിക്കേണ്ട ശരീരം
സ്വയം ഹനിക്കുന്ന രോഗാവസ്ഥ;
സമാധാനത്തിനു വേണ്ടി ബോംബിടുന്ന
രാജ്യസ്നേഹികളെപ്പോലെ!
തന്റെ ദേഹം,
തന്റെ രാജ്യം,
തന്റെ ലോകം,
അങ്ങനെ,
തന്റെതായതെല്ലാം
നിസ്സഹായമാകുന്നു.
ജനെടിക്സിന്ടെ പാഠഭേദം.
മൃതിയുടെ ചെക്മേറ്റ്.
നക്ഷത്രങ്ങള്‍ കിനാവുകണ്ട നിന്റെ മിഴികളില്‍
ഇന്നു വേദനയുടെ ദ്യുതി മാത്രം.
മൃതിയുടെ ഘനീഭവിച്ച നിഴലുകള്‍ വീണു
കാഴ്ച മറക്കപ്പെടുന്ന ആസ്പത്രിക്കിടക്കയില്‍
നിന്റെ നോവ്‌
എന്റെ കണ്ണുനീരാവുന്നതും,
നിന്റെ നിശ്വാസം
എന്റെ തേങ്ങലാവുന്നതും,
അന്തിമാനം ചെമക്കുന്ന ജാലകക്കാഴ്ച നോക്കി
സൂചിമുനയില്‍ ചോരപൊടിയുന്നതുപോലെ
എന്ന് നീ പറഞ്ഞതും,
സ്റെതസ്കൊപ്പിന്റെ ചതഞ്ഞ ചുംബനങ്ങളില്‍
നിന്റെ ഹൃദയവേഗം മന്ദീഭവിക്കുന്നതും
എല്ലാം ദൈവഹിതമെങ്കില്‍ ഓര്‍ക്കണം,
നമുക്കു ആ ദൈവത്തെ വേണോ?
ഒരു മഴവില്ലിന്റെ മരണത്തിനു മരം പെയ്തപ്പോള്‍
നീ കുട ചൂടി നടന്നകലുന്നത് നോക്കി
ഞാന്‍ എത്രനേരം നിന്നിട്ടുണ്ട് എന്ന്
ഒരുപക്ഷേ നീ അറിഞ്ഞിരിക്കില്ല.
അന്ന് നിന്റെ ചുണ്ടുകളില്‍
നൊമ്പരം കടിച്ചമര്‍ത്തുന്ന ദൈന്യതയായിരുന്നില്ല.
ലൈബ്രറി ഹാളിനു മുന്നിലെ
നീണ്ട ഇടനാഴിയില്‍ മുഴങ്ങിക്കേട്ട
നിന്റെ ചിരി
രക്തം മണക്കുന്ന ലബോറട്ടറി വരാന്തകളിലെ
ഞരക്കങ്ങള്‍ക്ക് വഴിമാറിയത്
പക്ഷെ,
വൈകിയാണ് ഞാന്‍ അറിഞ്ഞത്.
പണ്ടു
ഉയിര്‍പ്പിന്റെ ഞായരാഴ്ക്ചകളിലൊന്നില്‍്
ഇരുളില്‍ കുരിശിനു മുന്നില്‍ നാം തെളിച്ച
മെഴുതിരികള്‍...
ഇന്ന്
ആളൊഴിഞ്ഞ പള്ളിയകത്തെ ഒരു തുള്ളി വെളിച്ചം...
കുന്തിരിക്കവും, സാമ്ബ്രാണിയും,
ഒരുപിടി പച്ചമണ്ണൂം...
പ്രാര്‍ത്തിക്കാന്‍ എല്ലാവര്ക്കും കാണുമല്ലോ
ഓരോ കാരണങ്ങള്‍...?!!!